ഇന്ത്യയില്‍ അഞ്ച് വയസിന് താഴെയുള്ള 36 ശതമാനം കുട്ടികളില്‍ വളര്‍ച്ചാമുരടിപ്പ്
ഇന്ത്യയില്‍ അഞ്ച് വയസിന് താഴെ പ്രായമുള്ള 36 ശതമാനം കുട്ടികളില്‍ വളര്‍ച്ചാമുരടിപ്പും 17 ശതമാനം കുട്ടികളില്‍ ഭാരക്കുറവും ഉള്ളതായി വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. വളര്‍ച്ചാമുരടിപ്പും, ഭാരക്കുറവും കുട്ടികളിലെ പോഷകാഹാരക്കുറവിനെ സൂചിപ്പിക്കുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രായത്തിനനുസരിച്ചുള്ള വളര്‍ച്ചയില്ലാത്ത അവസ്ഥയാണ് വളര്‍ച്ചാമുരടിപ്പ്, സാധാരണയായി വിട്ടുമാറാത്ത പോഷകാഹാരക്കുറവ് മൂലമാണ് ഇത് സംഭവിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഉത്തര്‍പ്രദേശിലാണ് ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ മുരടിപ്പ് നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. ഉത്തര്‍പ്രദേശില്‍ 46.36 ശതമാനമാണെങ്കില്‍ തൊട്ടുപിന്നില്‍ 46.31 ശതമാനവുമായി ലക്ഷദ്വീപാണ് രണ്ടാം സ്ഥാനത്ത്. മഹാരാഷ്ട്രയിലെ വളര്‍ച്ചാമുരടിപ്പ് നിരക്ക് 44.59 ശതമാനവും മധ്യപ്രദേശിലെ നിരക്ക് 41.61 ശതമാനവുമാണ്. രാജ്യത്തെ ആറ് വയസിന് താഴെയുള്ള 8.57 കോടി കുട്ടികളില്‍ നടത്തിയ പരിശോധനയിലാണ് പോഷകാഹാരക്കുറവ് കണ്ടെത്തിയത്.
ഭാരക്കുറവുള്ള കുട്ടികളുടെ നിരക്കില്‍ ഏറ്റവും മുന്നിലുള്ളത് മധ്യപ്രദേശാണ്. 26.21 ആണ് സംസ്ഥാനത്തെ ഭാരക്കുറവ് നിരക്ക്. ദാദ്ര ആന്‍ഡ് നഗര്‍ ഹവേലി, ദാമന്‍ ആന്‍ഡ് ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളില്‍ 26.41 ശതമാനമാണ് ഭാരക്കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കുറവ് പോഷകാഹാരക്കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് ഗോവ, സിക്കിം, ലഡാക്ക് എന്നിവിടങ്ങളിലാണ്. രൂക്ഷമായ പോഷകാഹാരക്കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് ലക്ഷ ദ്വീപിലാണ്. ബിഹാര്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ യഥാക്രമം 9.81 ശതമാനവും 9.16 ശതമാനവുമാണ് പോഷകാഹാരക്കുറവ് നിരക്ക്.